Wednesday, November 26, 2014

19th International Film Festival of Kerala-കാഴ്ചകളുടെ വിരുന്നൊരുക്കാൻ 19-മത് കേരള അന്തർദേശിയ ചലച്ചി ത്രോൽസവം

 140 ചിത്രങ്ങളുടെ വിരുന്നൊരുക്കി കേരളത്തിന്റെ ചലച്ചിത്രോത്സവം .
ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന  കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആസ്വാദകരെ കാത്തിരിക്കുന്നത് 140 ഓളം ചിത്രങ്ങള്‍. മത്സരവിഭാഗം ഉള്‍പ്പെടെ 10 വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന മേളയില്‍  ലോകസിനിമാവിഭാഗത്തില്‍ 37 രാജ്യങ്ങളില്‍ നിന്നായി 61 ചിത്രങ്ങള്‍..  ഇതില്‍ 12 വനിതാ സംവിധായകരുടെ സാന്നിധ്യമുണ്ട്. കിംകി ഡുക്ക് സംവിധാനം ചെയ്ത 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്. മൊറോക്കോയിലും, ഇറാനിലും നിന്ന് രണ്ടു ചിത്രങ്ങള്‍ വീതവും ബംഗ്ലാദേശ്, ബ്രസീല്‍, ജപ്പാന്‍, അര്‍ജന്റീന, മെക്‌സിക്കോ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ ചിത്രം വീതമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
  ലൈഫ്‌ടൈം അച്ചീവ്‌മെന്റ്   അവാർഡ്‌  നേടിയ ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലൂച്ചിയുടെ 'മൈ മദേഴ്‌സ് സ്‌മൈല്‍'  ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
ബംഗാളി, മറാത്തി, ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്നായി ഏഴു ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമ നൗ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മലയാളം സിനിമാ ഇന്ന് വിഭാഗത്തില്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രഞ്ജിത് സംവിധാനം ചെയ്ത് 'ഞാന്‍',  അബ്രിദ് ഷൈനിന്റെ '1983', നവാഗത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് മീന കന്തസ്വാമി ആദ്യമായി നായികാവേഷത്തില്‍ എത്തുന്ന ചിത്രം 'ഒരാള്‍പൊക്കം',  സലില്‍ ലാലിന്റെ ആദ്യ സംവിധാന സംരംഭം 'കാള്‍ട്ടന്‍ ടവേഴ്‌സ്', എന്‍.കെ. മുഹമ്മദ് കോയയുടെ 'അലിഫ' എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍.
റെസ്‌ട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ബസ്റ്റര്‍ കീറ്റണിന്റെ നാല് ചിത്രങ്ങളും മിക്ക്‌ലോസ് ജാന്‍സ്‌കോയുടെ അഞ്ച് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. നിശബ്ദ ചിത്രങ്ങളിലൂടെ സംവിധാനപാടവം തെളിയിച്ച  ബസ്റ്റര്‍ കീറ്റണ്‍ 'എന്റര്‍ടെയിന്‍മെന്റ് വീക്കിലി'യുടെ ഏഴ് മഹാന്മാരായ സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബഹുമുഖ പ്രതിഭയായി വെള്ളിത്തിരയില്‍ തിളങ്ങിയ ബസ്റ്ററിന്റെ 'ദി ജനറല്‍' എന്ന 1926 ലെ ചിത്രം വന്‍ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ റീസ്റ്റോര്‍ ചെയ്‌തെടുത്ത ചിത്രങ്ങളാണ് മേളയ്‌ക്കെത്തുന്നത്. കാന്‍ വെനീസ് ഫെസ്റ്റുകളില്‍ ലൈഫ് വര്‍ക്ക് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഹങ്കോറിയന്‍ സംവിധായകന്‍ മിക്കലോസ് ജാങ്ക്‌സോയുടെ 1966 നും 1974 നും ഇടയില്‍ ഇറങ്ങിയ അഞ്ചു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഹങ്കോറിയന്‍ സോഷ്യലിസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ശക്തമായ ഭാഷയാണ് ജാങ്ക്‌സോയുടെ ചിത്രങ്ങള്‍.
കണ്ടമ്പററി മാസ്റ്റര്‍ വിഭാഗത്തില്‍ സിനിമാ ആചാര്യന്മാരായ ഡാനിസ് താനോവിക്, ഹനി അബു ആസാദ്, നവോമി കവാസ് എന്നിവരുടെ നാലു ചിത്രങ്ങള്‍ വീതമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ ഭൂരിഭാഗം ചിത്രങ്ങളും 2000 ന് ശേഷമുള്ളവയാണ്. ബോസ്‌നിയന്‍ സംവിധായകര്‍ക്കിടയില്‍ പ്രശസ്തനായ ഡാനിസ് തനോവികിന്റെ 'നോമാന്‍സ് ലാന്‍ഡ്' ശ്രദ്ധേയമായ ചിത്രമാണ്. നിരവധി ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും നോമിനേഷനും നേടിയിട്ടുള്ള ഇദ്ദേഹം ചര്‍ച്ച ചെയ്യപ്പെടുന്ന സംവിധായകരിലൊരാളാണ്.  പാലസ്തീന്‍ സംവിധായകന്‍ ഹനി അബു ആസാദിന്റെ 'ഒമര്‍' 2013 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ ചിത്രമാണ്. വിവിധ മേഖലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ബര്‍ലിന്‍ മതിലിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയത്തിന്റെയും മനുഷ്യജീവിതങ്ങളുടെയും കഥയാണ് 'ഒമര്‍' പറയുന്നത്. 'പാരഡൈസ് നൗ' എന്ന ചിത്രം രണ്ടു യുവ ചാവേറുകളുടെ കഥ പറയുന്നു. ജാപ്പനീസ് സംവിധായിക നവോമി കവാസ് ആണ് ഈ വിഭാഗത്തിലെ സ്ത്രീ സാന്നിധ്യം. നവോമിയുടെ 1997 ലെ സുസാകു കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ കാമറാ പുരസ്‌കാരം നേടിയിരുന്നു.
100 ാം വാര്‍ഷികം ആഘോഷിക്കുന്ന തുര്‍ക്കി സിനിമകളില്‍ നിന്നുള്ള ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2005 നു ശേഷം റിലീസ് ചെയ്ത പ്രമുഖ  സംവിധായകരുടെ എട്ടു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തായ് ഫന്‍ പിര്‍സെലിമോഗ്ലു സംവിധാനം ചെയ്ത 'ഐ ആം നോട്ട് ഹിം', കാന്‍ മുജ്‌ഡെസിയുടെ ഷിവാസ്, ഹുസൈന്‍ കരബെയുടെ 'കം ടു മൈ വോയ്‌സ്' എന്നിവ മികച്ച ചിത്രങ്ങളാണ്.
ചൈനീസ്, ഫ്രഞ്ച് ഫിലിം പാക്കേജുകളിലായി 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
ജൂറി ഫിലിംസ് വിഭാഗത്തില്‍ ഷീഫെയുടെ 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി', 'ബ്ലാക്‌സ് സ്‌നോ', 'എ ഗേള്‍ ഫ്രം ഹുനാന്‍' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റെയ്‌സ് ക്ലെയ്ക്കിന്റെ 'നൈറ്റ് ഓഫ് സൈലന്‍സ്', സുമിത്ര ഭാവെയുടെ 'വാസ്തുപുരുഷ്' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

No comments: